ഓഗസ്റ്റ് 14 'വിഭജന ഭീതി ദിനം' ആയി ആചരിക്കണം; സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: ഓഗസ്റ്റ് 14 'വിഭജന ഭീതി ദിനം' ആയി ആചരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് ഗവര്‍ണറുടെ സര്‍ക്കുലര്‍. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യ- പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതി ദിനം ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും വിഭജനത്തിന്റെ ഭീകരത തുറന്നു കാട്ടുന്ന നാടകങ്ങള്‍ സംഘടിപ്പിക്കാനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. പരിപാടികളുടെ സംഘാടനത്തിന് വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും രാജ്ഭവന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വൈസ് ചാന്‍സലര്‍മാരും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ- പാക് വിഭജനത്തിന്റെ ഓര്‍മയ്ക്കായി ഓഗസ്റ്റ് 14 'വിഭജനഭീതി' ദിനമായി ആചരിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം യുജിസിയും ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.